മർക്കൊസ് 6:3 ഇവന്‍ മറിയാമിന്‍റെ മകനായ തച്ചനല്ലയോ? യാക്കോബിന്‍റെയും, യോസിയുടെയും, യഹൂദയുടെയും ശെമഓന്‍റെയും സഹോദരനുമല്ലേ? ഇവന്‍റെ സഹോദരിമാരും ഇതാ, ഇവിടെ നമ്മോടു കൂടെയില്ലയോ? എന്നുപറഞ്ഞ് അവര്‍ തന്നില്‍ വിരുദ്ധപ്പെട്ടു.
-----------
വി.വേദപുസ്തകത്തിലെ മേൽവചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വേദവിപരീതികൾ സമർത്ഥിക്കുവാൻ ഉദ്ദേശിക്കുന്നതെന്തോ അതിന് , വി. വേദപുസ്തകത്തിലെ വചനങ്ങളിൽകൂടെത്തന്നെയുള്ള മറുപടിയാണ് ഈ ചെറുലേഖനത്തിൻ്റെ പ്രതിപാദ്യം. ഇതിലെ വചനങ്ങളും, വസ്തുതകളും വചനാടിസ്ഥാനത്തിലാണോയെന്നറിയുവാൻ കലർപ്പുചേർത്തബൈബിളല്ല, പകരം സത്യവേദപുസ്തകത്തിലെ ( വിശുദ്ധ ഗ്രന്ഥത്തിലെ ) വചനങ്ങൾതന്നെ പരിശോധിക്കേണ്ടതാണ്. കലർപ്പില്ലാത്തതെന്ന് സർവ്വരാലും അംഗീകരിക്കപ്പെട്ടതും, വി. അന്ത്യോഖ്യാ സഭയുടെ കാർത്തേജ് സുന്നഹദോസ് വിശുദ്ധ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തപ്പെടേണ്ടവയേതെന്ന് തീരുമാനിച്ച് പ്രസിദ്ധീകരിച്ച സത്യവേദപുസ്തകമേതോ, ആധികാരികമായ അതേ പ്ശീത്താസുറിയാനി ബൈബിളിൽ നിന്ന് നേരിട്ട് പദാനുപദമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളുടെ അടിസ്ഥാനത്തിൽ വേദവിപരീതികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി.
1) ഇവൻ തച്ചന്റെമകനല്ലേ?
ഉ : മറുപടി പറയേണ്ട ആവശ്യമില്ലാത്ത ചോദ്യം. യേശു ദൈവപുത്രനാണെന്നുള്ളതിന് ചോദ്യ കർത്താക്കൾക്കും
സംശയമുണ്ടാകില്ലെന്നു കരുതുന്നു.
2) യാക്കോബിന്റെയും, യോസിയുടെയും, ശെമവോന്റെയും, യഹൂദായുടെയും സഹോദരനുമല്ലേ?
ഉ:-
ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ ഈ വാക്യത്തിൽ പറയുന്ന യാക്കോബ്,യോസി,ശെമഓൻ,യഹൂദാ എന്നിവർ ആരായിരുന്നെന്നും,അവരുടെ മാതാപിതാക്കൾ ആരൊക്കയായിരുന്നെന്നും പരിശോധിക്കാം.
പുതിയ നിയമത്തിൽ യാക്കോബ് എന്ന പേരിൽ പ്രധാനമായി ആരൊക്കെയുണ്ടായിരുന്നു ?അവരുടെമാതാപിതാക്കൾ ആരെല്ലാം ?
(1) യൌസേഫ്പിതാവിന്റെ മകൻ യാക്കോബ്.
വി.മാതാവുമായി വിവാഹം നിശ്ചയം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തിനുണ്ടായിരുന്ന മക്കളിൽ ഒരാൾ. ഈ യാക്കോബാണ് ഊർശ്ലേമിന്റെ ഒന്നാമത്തേ ശ്ലീഹായും സഹദായും,പുണ്യവാനുമായ യാക്കോബ്.വി. അന്ത്യോഖ്യാസഭയുടെ ഒന്നാമത്തെ തക്സാ ഇദ്ദേഹത്തിൽ നിന്നും ലഭിച്ചു.ആയത് ഉയർപ്പിനു ശേഷം ക്രിസ്തു നേരിട്ട് അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്തു.ഇതേക്കുറിച്ച് കൂടുതൽ അറിയുവാൻ വി.ഗ്രന്ഥം വി.യാക്കോബിന്റെ ലേഖനത്തിന്റെ ആമുഖം വായിക്കുക.( വി. ഗ്രന്ഥം, പേജ് 354,355)
(2) ക്രിസ്തുവിന്റെ ശിഷ്യൻമാരിൽ രണ്ടുപേർ യാക്കോബ് എന്ന പേരുകാരായിരുന്നു. സെബദിമക്കളായ യാക്കോബും, യോഹന്നാനും. ഇവരെ ഇടിമക്കൾ എന്നും വിളിച്ചിരുന്നു. സെബദിയുടെ ഭാര്യയുടെ പേര് ശോലും,അഥവാ ശലോമി . (Refer വി.ഗ്രന്ഥം Page 134 ;/ വി.യോഹന്നാൻ 19:25 ൽ വി.ദൈവമാതാവിൻ്റെ സഹോദരിയായി, വി.അമ്മയുടെകൂടെ ക്രൂശിൻ്റെ ചുവട്ടിൽ നിൽക്കുന്നതായി പറയുന്നത് ഈ ശോലും ആണ്.
(3) ക്രിസ്തുവിന്റെ ശിഷ്യഗണത്തിൽ പറയുന്ന രണ്ടാമത്തെ യാക്കോബിനെ വിളിച്ചിരുന്നത് ചെറിയ യാക്കോബ് എന്നായിരുന്നു. അദ്ദേഹത്തിന് സഹോദരരായി യോസി, യഹൂദാ,ശീമോൻ എന്നിവർ ഉണ്ടായിരുന്നു. (പുതിയനിയമവ്യാഖ്യാനം. Page, 842;Refer. വി. ഗ്രന്ഥം Page : 383, അവസാനത്തെ വരി) യൂദാശ്ലീഹായുടെ ലേഖനത്തിന്റെ ആരംഭവും,അവസാനവും വായിക്കുക. ("യാക്കോബിൻ്റെയും, യോസിയുടെയും സഹോദരനായ യഹൂദാ ശ്ലീഹായുടെ ലേഖനം സമാപ്തം. " എന്ന് എഴുതപ്പെട്ടിരിക്കുന്നതായിക്കാണം. ) ചെറിയ യാക്കോബിന്റെ പിതാവിനെ വി. യോഹന്നാന്റെ സുവിശേഷത്തിൽ ക്ലേയോപ്പാ എന്നും,വി.മത്തായിയുടെ സുവിശേഷത്തിൽ ഹൽപ്പായി എന്നും വിളിച്ചിരുന്നു. കാരണം വി.യോഹന്നാന്റെ സുവിശേഷം ഗ്രീക്കുഭാഷയിലും, വി.മത്തായിയുടെ സുവിശേഷം അറമൈക്ക് ഭാഷയിലുമാണ് എഴുതപ്പെട്ടത്. ഗ്രീക്കിൽ ക്ലേയോപ്പാ എന്ന പേരാണ്, അറമൈക്കിൽ ഹൽപ്പായി എന്നത്. രണ്ടും ഒന്നു തന്നെയാകുന്നു. (ഇംഗ്ലീഷിൽ പീറ്റർ എന്നത് മലയാളത്തിൽ പത്രോസ്, ഐസക്ക് എന്നത് ഇസഹാക്ക് എന്നതുപോലെ) ( Refer. വി.മത്തായി 10: 3. ഈ വാക്യത്തിൽ യേശുവിന്റെ ശിഷ്യൻമാരുടെ പേരുകളിൽ സെബദിപുത്രനായ യാക്കോബിനെക്കൂടാതെ പറയുന്ന മറ്റേ യാക്കോബിനെ തിരിച്ചറിയാൻ ഹൽപ്പായി പുത്രൻ യാക്കോബ് എന്ന് പ്രത്യേകം എഴുതപ്പെട്ടിരിക്കുന്നു. കൂടാതെ അ :പ്ര 1:13 ലും ഈ യാക്കോബ് ഹൽപ്പായി പുത്രനാണെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഹൽപ്പായിയുടെ ഭാര്യയുടെ പേര് മറിയാമാണെന്നും, ക്രൂശിൻ്റെ ചുവട്ടിൽ തൻ്റെ അമ്മയെക്കൂടാതെ ഈ ഹൽപ്പായിയുടെ ഭാര്യ മറിയമും ഉണ്ടായിരുന്നുവെന്നത് താഴെപ്പറയുന്ന വാക്യങ്ങളിൽകൂടെ വ്യക്തമാകുന്നു. വി.യോഹന്നാന്റെ സുവിശേഷത്തിൽ ക്ലേയോപ്പായുടെ മറിയം എന്ന് (19;25) എഴുതിയിരിക്കുന്നതിനാൽ ക്ലേയോപ്പാ എന്ന അൽഫായിയുടെ ഭാര്യയുടെപേര് മറിയം ആയിരുന്നെന്ന് വെളിവാകുന്നു. (Refer വി.ഗ്രന്ഥം വി.യോഹന്നാന്റെ സുവിശേഷം ആമുഖം.) അവരുടെ മക്കളായിരുന്നു ശിഷ്യനായ യാക്കോബ് ( ചെറിയ യാക്കോബ് ) യോസി, യഹൂദാ.അമ്മയുടെയോ അപ്പന്റെയോ സഹോദരീ സഹോദരൻമാരുടെ മക്കളെയും സഹോദരീസഹോദരൻമാർ എന്ന് വിളിക്കുക പതിവായിരുന്നു. ഇംഗ്ലീഷിൽ cousin brother, cousin sister എന്ന അർത്ഥം വരത്തക്ക തരത്തിലുള്ള ഒരു പദം മലയാളത്തിലില്ലാത്തതുപോലെ എബ്രായ, അറമൈക് ഭാഷയിലും ഇല്ലായിരുന്നതിനാൽ അങ്ങനെയുള്ള മക്കളെയും സഹോദരൻ,സഹോദരി എന്നു വിളിച്ചുവന്നു. ഉദാഹരണത്തിന് പ്രബലമായ ക്നാനായ സമുദായം അവരുടെ വംശീയതയും,വിശുദ്ധിയും ആരംഭം മുതലേ കാത്തുസൂക്ഷിക്കുന്നു. അവർ പരസ്പരം ബന്ധുക്കളായതിനാൽ സ്വന്തക്കാരെ കസിൻ , അഥവാ കസിൻബ്രദർ, കസിൻസിസ്റ്റർ എന്നു വിളിച്ചുവരുന്നു. യഹൂദരും പഴയനിയമകാലം മുതൽ ബന്ധുക്കളെ വിവാഹം ചെയ്തിരുന്നു. ഉദാ: അബ്രഹാമും, ഭാര്യ സാറായും.യാക്കോബ് വിവാഹംചെയ്തത് സ്വന്തം അമ്മാവനായ ലാബാൻ്റെ പെൺമക്കളെ. തൂബീദിൻ്റെ മകൻ തോബിയാസിൻ്റെ ഭാര്യ. എല്ലാവരും അടുത്ത ബന്ധുക്കൾ. ഇങ്ങനെ പരസ്പരം ബന്ധുക്കളായിരുന്നവരുടെ തലമുറകളിലുണ്ടാകുന്ന മക്കളെ ഇന്നു നാം വിളിക്കുന്നതുപോലെ സഹോദരീ, സഹോദരൻമാർ എന്നു വിളിക്കുക സർവ്വ സാധാരണമായിരുന്നു. വി. ബൈബിളിൽ ഇപ്രകാരമുള്ള വിളി അനേകയിടങ്ങളിൽ കാണാം.
പ്രക്സീസ്
2:29
"ഞങ്ങളുടെ സഹോദരരായമനുഷ്യരേ, പിതാക്കന്മാരുടെ തലവനായ ദാവീദിനെക്കുറിച്ച്, നിങ്ങളുടെ അടുക്കല്‍ വ്യക്തമായി പറയുവാന്‍ അനുവദിച്ചാലും.ദാവീദ് മരിച്ചു;
സംസ്ക്കരിക്കപ്പെട്ടുവല്ലോ.........."
2:37 "അവര്‍ ഇതു കേട്ടപ്പോള്‍ ഹൃദയത്തില്‍ തറച്ച് ശെമഓനോടും മറ്റു ശ്ലീഹന്മാരോടും സഹോദരന്മാരെ, ഞങ്ങള്‍ എന്തു ചെയ്യണം ?എന്ന് ചോദിച്ചു."
2:41 അവരില്‍ ചിലര്‍ താല്പര്യത്തോടെ അവന്‍റെ വാക്കു വിശ്വസിച്ച് സ്നാനമേറ്റു. അങ്ങനെ ആ ദിവസം ഏകദേശം മൂവായിരത്തോളം ആളുകള്‍, ചേര്‍ക്കപ്പെട്ടു. മുകളിൽ പറഞ്ഞിരിക്കുന്ന മൂവായിരം പേർ - സഹോദരൻമാർ - എല്ലാവരും ഒരപ്പന്റെയും ഒരമ്മയുടെയും മക്കളാണോ? വചനത്തിന്റെ അർത്ഥവും, ഉദ്ദേശവും അവ ഏതുസാഹചര്യത്തിൽ എന്തിനു പറഞ്ഞു എന്ന് പഠിപ്പിച്ചുതരുവാൻ ആദിമനൂറ്റാണ്ടു മുതലുള്ള വിശുദ്ധൻമാരുടെ പാരമ്പര്യമില്ലാത്ത, സത്യവേദപുസ്തകം കണ്ടിട്ടില്ലാത്ത, കലർപ്പു ചേർത്ത ബൈബിൾ മാത്രം കയ്യിലുള്ളവർക്കു കഴിയില്ല. ( വി. അന്ത്യോഖ്യാസഭ AD 397-ൽ പ്ശീത്താ സുറിയാനിയിൽ പഴയനിയമവും, പുതിയനിയമവും ക്രോഡീകരിച്ച് കൈകൊണ്ട് എഴുതിസൂക്ഷിച്ച സമ്പൂർണ്ണബൈബിൾ വിരലിലെണ്ണാവുന്നവരെ കണ്ടിട്ടുണ്ടായിരുന്നുള്ളു. AD 1440 ൽ ഗുട്ടൻബർഗ് അച്ചടി കണ്ടു പിടിച്ചശേഷമാണ് ജോൺ വൈക്ലിഫിൽ നിന്നും, ടിൻഡലിൽ നിന്നുമൊക്കെ ഇംഗ്ലീഷ് ഭാഷയിലേക്കും, മറ്റു പല ഭാഷകളിലേക്കും വിവർത്തനങ്ങൾ കൈകൊണ്ടെഴുതിയും,പ്രിൻ്റു ചെയ്തും ലഭിച്ചു തുടങ്ങിയത്. വിവർത്തനവ്യത്യാസങ്ങൾ കാരണം അവയ്ക്ക് അനേകം എതൃപ്പുകളുമുണ്ടായി. പിന്നീട് അച്ചടി വ്യാപിച്ചതോടെ പല ഭാഷയിൽ പലരീതിയിൽ നൂറുകണക്കിന് പുസ്തകങ്ങൾ പുറത്തിറക്കി. തുടർന്ന് അനേക നവീകരണ പ്രസ്ഥാനങ്ങൾ ഉടലെടുത്തുതുടങ്ങി. പലരും ഇത്തരം പ്രസ്താനങ്ങൾ ആദായമാർഗമാക്കി മാറ്റി. തൻനിമിത്തം തങ്ങൾ പറയുന്നതാണ് ശരി എന്നു വരുത്തിത്തീർക്കുവാൻ വചനങ്ങളിൽതന്നെ വ്യത്യാസം വരുത്തി പരസ്പര വിരുദ്ധമായ ആയിരക്കണക്കിന് കലർപ്പു ചേർത്ത വിവിധ തരത്തിലുള്ള ബൈബിളുകൾ അച്ചടിച്ചു പ്രസിദ്ധീകരിച്ചു തുടങ്ങി. തുടർന്ന് വ്യക്തികൾ സ്വന്തനിലയിലും, നവീകരണ പ്രസ്ഥാനങ്ങൾ അവരുടേതായരീതിയിലും വചനങ്ങളെ വ്യാഖ്യാനിക്കുവാൻ തുടങ്ങി.അത് ഇന്നും തുടർന്നു വരുന്നു. ഇവർക്കുള്ള ശിക്ഷ നോക്കുക.
വെളിപ്പാടു
22:18 ഈ പുസ്തകത്തിലുള്ള പ്രവചനങ്ങള്‍ കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷ്യപ്പെടുത്തി പറയുന്നു: ആരെങ്കിലും അവയോട് കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള ബാധകള്‍ അവന്‍റെമേല്‍ വരും.
22:19 ഈ പ്രവചന പുസ്തകത്തിലെ വാക്കുകളില്‍ നിന്നും ആരെങ്കിലും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധ നഗരത്തിലും നിന്ന് അവന്‍റെ ഓഹരി ദൈവം നീക്കിക്കളയും.
AD 1440-ൽ അച്ചടി കണ്ടുപിടിച്ച ശേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണോ, അതോ, ക്രിസ്തുവിൻ്റെ ഭാഷയിൽ കലർപ്പില്ലാതെ പരിശുദ്ധാത്മനിശ്വാസത്താൽ വി. അന്ത്യോഖ്യാസഭ ക്രോഡീകരിച്ച ആദ്യത്തേ ബൈബിളാണോ മുകളിൽ പരാമർശിച്ചിരിക്കുന്ന " ഈ പ്രവചന പുസ്തകം. ?" എന്നു ചിന്തിക്കുക.)
മുകളിൽ ഉദ്ധരിച്ച വി.മർക്കോസ് 6;3 വി.മത്തായി 13:55 എന്നീ വചനങ്ങളിലെ ഇവന്റെ സഹോദരൻമാർ യാക്കോബും, യോസിയും, യഹൂദായും, ശെമവോനുമല്ലേ എന്ന ചോദ്യം Cousin brothers, cousin sisters എന്ന അർത്ഥത്തിലായിരുന്നു.
മുകളിൽ വിവരിച്ച വസ്തുതകളിൽ നിന്നും തെളിയുന്നസത്യo .
(1) പുതിയ നിയമത്തിൽ മൂന്നു യാക്കോബിനെ നാം തിരിച്ചറിഞ്ഞു. യേശുവിന്റെ ശിഷ്യൻമാരിൽ സെബദിമക്കളിൽ ഒരുവനായ യാക്കോബു കൂടാതെ പറഞ്ഞിരിക്കുന്ന യാക്കോബ്, ഹൽപ്പായി (ക്ലേയോപ്പാ ) പുത്രൻ യാക്കോബ് എന്ന ചെറിയ യാക്കോബ് ആണെന്നും അദ്ദേഹത്തിന്റെ സഹോദരൻമാരായിരുന്നു യോസി, യഹൂദാ എന്നിവരെന്നും വെളിവാക്കപ്പെടുന്നു.
(2) ഈ യാക്കോബിന്റെ അപ്പൻ ക്ലേയോപ്പായുടെ ഭാര്യയുടെ പേര് മറിയം എന്നായിരുന്നെന്നും (Refer വയോഹന്നാൻ 19:25 )വെളിവാകുന്നു. യേശുവിന്‍റെ ക്രൂശിന്‍റെ അടുക്കല്‍ തന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു. ഈ ക്ലേയോപ്പാ എന്ന ഹൽഫായിക്ക് തൻ്റെ ഭാര്യയായ മറിയമിൽ ചെറിയ യാക്കോബിനെക്കൂടാതെ യോസി,യിഹൂദാ എന്ന മക്കളും ഉണ്ടായിരുന്നു എന്നത് .
ഈ വെളിപ്പെടുത്തലുകൾ കൂടുതൽ വ്യക്തമായി തെളിയിക്കുവാൻ ഇനി നമുക്ക് കർത്താവായ ക്രിസ്തുയേശുവിന്റെ ക്രൂശിന്റെ ചുവട്ടിലേക്കു പോകാം
++++++++
മേൽ വെളിപ്പെടുത്തലുകൾക്ക് ഉപോൽബലകമായ തെളിവാണ് ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിലെ സ്ത്രീകളെക്കുറിച്ചു സുവിശേഷങ്ങളിലെ താഴെപ്പറയുന്ന ഭാഗങ്ങളിലൂടെ വെളിവാകുന്നത്.
യേശുവിന്റെ ക്രൂശിന്റെ അടുക്കൽ നിന്ന സ്ത്രീകൾ ആരൊക്കെ ? ഓരോ സുവിശേഷവും പരിശോധിക്കാം.
-------
*വി.മത്തായി ( 27:56)
---------
1) മഗ്ദലക്കാരി മറിയം
2) യാക്കോബിന്റെയും,യോസിയുടെയും അമ്മ മറിയം.
3) സെബദിപുത്രൻമാരുടെ അമ്മ .
വി.മർക്കോസ് (15:40 &16:1 )
------
1) മറിയം മഗ്ദലൈത്താ
2) ചെറിയ യാക്കോബിന്റെയും, യോസിയുടെയും അമ്മ മറിയം.
3) ശോലും.
വി.യോഹന്നാന്റെ സുവിശേഷം 19:25 ൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്
---------
നവീകരണ ചിന്താഗതിക്കാർ ഭാവിയിൽ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുവാൻ ഇടയുണ്ടെന്നും അതിനാൽ യാഥാർത്ഥ്യങ്ങളെ ലോകത്തിനു മനസിലാക്കിക്കൊടുവാൻ എന്നു തോന്നുമാറാണ് താഴെപ്പറയുന്ന വെളിപ്പെടുത്തൽ.ഇവിടെ നാലുപേർ ക്രൂശിന്റെസമീപം നിന്നതായി പറയുന്നു.
1) തന്റെ അമ്മ. (വി. ദൈവമാതാവ്)
2) അമ്മയുടെ സഹോദരി. (ശോലും)
3) ക്ലേയോപ്പയുടെ മറിയം.
4) മറിയം മഗ്ദലൈത്താ
ഈ സുവിശേഷത്തിൽ മാത്രം ക്രൂശിന്റെ സ്മീപം നാലു സ്ത്രീകളുടെ സാന്നിദ്ധ്യം എടുത്തു പറയുന്നു. വി.ദൈവമാതാവിന്റെ സാന്നിദ്ധ്യം പ്രത്യേകം പറയുന്നു. കൂടാതെ ക്ലേയോപ്പായുടെ മറിയമായ യാക്കോബിന്റെയും യോസിയുടെയും അമ്മ മറിയാമിന്റെ സാന്നിദ്ധ്യവുമുണ്ട്. ഇതിൽ നിന്നും വളരെ വ്യക്തമാകുന്ന വെളിപ്പെടുത്തൽ വി.ദൈവമാതാവും യാക്കോബിന്റെയും,യോസിയുടെയും അമ്മ മറിയമും ഒന്നല്ല; രണ്ടാണ് എന്നതാണല്ലോ.
ക്രൂശിന്റെ സമീപമുള്ള മറ്റു രണ്ടു സ്ത്രീകളിൽ മറിയം മഗ്ദലൈത്താ എല്ലാ സുവിശേഷങ്ങളിലുമുണ്ട്. ഇനിയുമുള്ള സ്ത്രീ വി.മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ പറയുന്ന സെബദിപുത്രൻമാരുടെ അമ്മയും,വി.മർക്കോസ് ശ്ലീഹായുടെ ലേഖനത്തിൽ പറയുന്ന ശോലുമും, വി.യോഹന്നാൻ ശ്ലീഹായുടെ ലേഖനത്തിൽ പറയുന്ന അമ്മയുടെ സഹോദരിയും (സെബദിയുടെ ഭാര്യ ശോലും ) ഒരാൾ തന്നെ. കാരണം മുകളിൽ വിശദമാക്കി.
മറ്റൊരു തെളിവ്
*******
വി.ഗ്രന്ഥം പുതിയ നിയമം പേജ് 50-ൽ വിവർത്തന വ്യത്യാസങ്ങൾ വന്ദ്യ കണിയാമ്പറമ്പിലച്ചൻ വിശദീകരിച്ചിരിക്കുന്നതിൽ വി.മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ പേജ് 50-ൽ അദ്ധ്യായം 27; 56 ൻ്റെ വിശദീകരണം നൽകിയിട്ടുണ്ട്. അതിൽ യാക്കോബിൻ്റെയും, യോസിയുടെയും അമ്മ ഏതു മറിയമാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു. യാക്കോബും,യോസിയും,വി. കന്യക മറിയാമിന്റെ മക്കളല്ല എന്ന് പ്ശീത്താ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന
കലർപ്പില്ലാത്തബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി വി.ബൈബിളിലെ വചനാടിസ്ഥാനമായ തെളിവുപോരാ ചരിത്രപരമായ തെളിവാണ് വേണ്ടതെന്നുള്ളവർക്ക് വളരെ ബഹുമാനപ്പെട്ട മാണി രാജൻ അച്ചന്റെ വി.സഭയുടെവിശുദ്ധൻമാരുടെ ജീവചരിത്രം എഴുതിയ പുസ്തകം റെഫർ ചെയ്യാവുന്നതാണ്. അതിൽ മുകളിൽ പറഞ്ഞിരിക്കുന്ന ശുദ്ധിമാൻമാരുടെയും ശുദ്ധിമതികളുടെയും ജീവചരിത്രം വിശദമാക്കിയിട്ടുണ്ട്. നിത്യവിശുദ്ധയായ തന്റെ മാതാവിന്റെ വിശുദ്ധിയെ സ്പർശിക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഉദ്ദേശവും, പ്രവർത്തനവും ലക്ഷ്യവും, ഇന്ദ്രിയങ്ങളെ അറിയുന്ന സർവ്വശക്തൻ കണ്ടുകൊണ്ടിരിക്കുന്നതിനാൽ അങ്ങനെയുള്ളവരുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതിഫലവും ദൈവം നൽകിക്കൊള്ളുമെന്നത് അത്തരക്കാർ ഓർമ്മിക്കുന്നതു നല്ലതാണ്.
+++++